
ദോഹ: ശുദ്ധ ഊർജ്ജത്തിലേക്കുള്ള (Clean Energy) ആഗോള മാറ്റവും നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും മൂലം ആഗോള വിപണിയിൽ ചെമ്പിന്റെ (Copper) ആവശ്യകത വർദ്ധിക്കുന്നതായും, വില ഇനിയും ഉയരുമെന്നും ഖത്തർ നാഷണൽ ബാങ്ക് (QNB) റിപ്പോർട്ട്. ആവശ്യകതയ്ക്കനുസരിച്ച് വിതരണം (Supply) ഉറപ്പാക്കാൻ സാധിക്കാത്തതാണ് വിലവർദ്ധനവിന് പ്രധാന കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ പൗണ്ടിന് 6.20 ഡോളർ എന്ന നിരക്കിലേക്ക് ചെമ്പിന്റെ വില ഉയർന്നുവെങ്കിലും 2008-ലെ സർവ്വകാല റെക്കോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വില യഥാർത്ഥ മൂല്യത്തേക്കാൾ കുറവാണെന്ന് ക്യു.എൻ.ബി തങ്ങളുടെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി സംഭരണ സംവിധാനങ്ങൾ എന്നിവയ്ക്ക് പരമ്പരാഗത രീതികളെക്കാൾ നാലിരട്ടിയിലധികം ചെമ്പ് ആവശ്യമാണ്.കൃത്രിമബുദ്ധിയുടെ (AI) കടന്നുവരവോടെ ഉയർന്ന ശേഷിയുള്ള ഡാറ്റാ സെന്ററുകൾ, സെമികണ്ടക്റ്ററുകൾ, കൂളിംഗ് സിസ്റ്റങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി വലിയ അളവിൽ ചെമ്പ് ഉപയോഗിക്കുന്നുണ്ട്.പുതിയ ചെമ്പ് ഖനികൾ കണ്ടെത്തി ഉൽപ്പാദനം തുടങ്ങാൻ 10 മുതൽ 15 വർഷം വരെ സമയമെടുക്കും. പ്രമുഖ ഉൽപ്പാദകരായ 'കോഡെൽകോ' (Codelco) ഉൾപ്പെടെയുള്ള കമ്പനികളുടെ ഉൽപ്പാദനത്തിലുണ്ടായ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വരുന്ന വർഷങ്ങളിൽ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരത്തിന്റെ ആഴം കൂടുമെന്നും, ഇത് ദീർഘകാലത്തേക്ക് ചെമ്പിന്റെ വിപണി മൂല്യം ഉയർന്ന നിലയിൽ നിലനിർത്താൻ കാരണമാകുമെന്നും ക്യു.എൻ.ബി റിപ്പോർട്ട് വിലയിരുത്തുന്നു.










